പാലം പണി ആറുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപനം; മൂന്ന് വർഷമായിട്ടും ഒന്നുമായില്ല

ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പാലം പണി മൂന്ന് വർഷമായിട്ടും പൂർത്തിയായില്ല. വയനാട്ടിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താളിപ്പാറ പാലത്തിന്റെ നിർമാണമാണ് വൈകുന്നത്.

പാലത്തിനൊപ്പം അനുബന്ധ റോഡു കൂടി നിർമിക്കാൻ പതിനേഴര കോടി രൂപയാണ് നീക്കിവച്ചത്. ആഴ്ചകൾക്ക് മുൻപാണ് തൂണിന്റെ പൈലിങ് പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്തത്. ബാക്കി നിർമാണമെല്ലാം ഇരുകരകളിലായി ഇഴഞ്ഞു നീങ്ങുന്നു.

അനുബന്ധ റോഡിനായി ഇരുവശങ്ങളും കെട്ടി ഉയർത്തിയതോടെ സമീപത്തെ വീടുകളിലേക്കിറങ്ങാൻ വഴിയില്ലാതായി. മഴയ്ക്ക് മുൻപ് ടാറിങ് നടത്തിയില്ലെങ്കിൽ കാൽനട യാത്രയ്ക്കുപോലും വഴിയില്ലാതാകും. പ്രളയവും ലോക്ഡൗണുമാണ് നിർമാണം വൈകാൻ കാരണമായി അധികൃതർ പറയുന്നത്