പ്രതിസന്ധി നീങ്ങുന്നു; കനോലി കനാൽ നവീകരണം ഉടൻ

കോഴിക്കോട് നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രതിസന്ധി നീങ്ങുന്നു. ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങും. ജില്ലാഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയാറാക്കുന്നതിനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ തീരുമാനം. 

പ്രളയവും കോവിഡും തീര്‍ത്ത പ്രതിസന്ധിയാണ് കനോലി കനാല്‍ നവീകരണം മുടക്കിയത്. ആഴം കൂട്ടി കനാലിലൂടെ ബോട്ടോടിക്കുന്നതിന് വരെ ശ്രമമുണ്ടായി. അപ്രതീക്ഷിതമായി പണികള്‍ തടസപ്പെട്ടു. തെളിനീരായി മാറിയ കനോലി കനാല്‍ വീണ്ടും മാലിന്യവാഹിനിയായി. ആഴം കൂട്ടുന്ന ജോലികള്‍ പുനരാരംഭിക്കുന്നതിനാണ് ശ്രമം. ഏഴരക്കോടി രൂപ ഇതിനായി ജലവിഭവ വകുപ്പിന് കോര്‍പ്പറേഷന്‍ കൈമാറി. വൈകാതെ പണികള്‍ പുനരാരംഭിക്കും. 

ശേഖരിക്കുന്ന മണ്ണ് മണലാക്കി മാറ്റുന്നതിനുള്ള സാധ്യതയും പരിശോധിക്കും. നവീകരണം പൂര്‍ത്തിയായാല്‍ കല്ലായിയിലും, കോരപ്പുഴയിലേക്കും തെളിനീരൊഴുകും. സരോവരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര സാധ്യതയും മെച്ചപ്പെടും. 

കനോലി കനാലിലേക്ക് മാലിന്യജലം ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകള്‍, ആശുപത്രികള്‍, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യ പൈപ്പുകള്‍ ഇപ്പോഴും കനാലിലേക്ക് തുറന്നിരിക്കുന്നുണ്ട്. മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും.