കോഴിക്കോട് കണ്ണൂര്‍ യാത്രാദൈർഘ്യം കുറച്ചു; കോരപ്പുഴ പാലം യാഥാര്‍ഥ്യമായി

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാദൈര്‍ഘ്യം കുറച്ച് കോരപ്പുഴ പാലം യാഥാര്‍ഥ്യമായി. പ്രളയവും കോവിഡും നിര്‍മാണം തടസപ്പെടുത്തിയെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ പാലത്തിലൂടെ വാഹനം ഓടിത്തുടങ്ങി. പഴയ പാലത്തിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച സ്വാതന്ത്ര്യസമര സേനാനി കെ.കേളപ്പന്റെ പേര് പുതിയ പാലത്തിന് നല്‍കാന്‍ തീരുമാനിച്ചതായി ഉദ്ഘാടകനായ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 

ഒരു നാടാകെ ഒഴുകിയെത്തിയ ഉദ്ഘാടനച്ചടങ്ങ്. എലത്തൂര്‍ കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമെന്നതിലുപരി കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലേക്കുള്ള യാത്രാ ദൈര്‍ഘ്യവും കുറയ്ക്കുന്നതിന് പാലം സഹായമാകും. നിര്‍മാണം തുടങ്ങിയതിന് പിന്നാലെ നിരവധി പ്രതിസന്ധികളുണ്ടായെങ്കിലും അതെല്ലാം അതിജീവിച്ച് പഴയ പാലത്തിന്റെ മാതൃകയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ പാലം യാഥാര്‍ഥ്യമായി. 

32 മീറ്റര്‍ നീളം. 12 മീറ്റര്‍ വീതി. 26 കോടി രൂപ ചിലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയ പാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മാണം നടത്തിയത്. ഇരുകരകളിലുമായി 150 മീറ്റര്‍ അപ്രോച്ച് റോഡുണ്ട്. ആറുമീറ്ററോളം മാത്രം വീതിയുണ്ടായിരുന്ന പഴയ പാലത്തിലൂടെ ഒരേസമയം ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ കടന്നുപോകുന്നത് പ്രയാസമായിരുന്നു. ഇതെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനിലൂടെ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, കെ.ദാസന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.