കാലം തെറ്റി മഴ; നശിച്ചത് 350 ഏക്കർ നെൽകൃഷി; ദുരിതം

കാലം തെറ്റിപെയ്ത മഴയില്‍ വടകര ചെരണ്ടത്തൂര്‍ ചിറയിലെ 350 ഏക്കര്‍ െനല്‍ കൃഷി നശിച്ചു. മൂന്നു ദിവസത്തിനിടെ മൂന്ന് അടിയിലേറെ വെള്ളമാണ് പാടത്തുയര്‍ന്നത്. ഞാറ് നട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് അപ്രതീക്ഷിത മഴ കര്‍ഷകര്‍ക്ക് വില്ലനായത്. 

കഴിഞ്ഞ മൂന്നു ദിവസത്തെ മഴയാണ് കര്‍ഷകരുടെ പ്രതീക്ഷ പൂര്‍ണമായും തെറ്റിച്ചത്. മൂന്നൂറ്റിയമ്പതിലധികം ഏക്കര്‍ കൃഷിഭൂമിയാണ് ഒറ്റയടിക്ക് വെള്ളത്തില്‍ മുങ്ങിയത്. വടകര താലൂക്കിലെ ഏറ്റവും വലിയ പാഠശേഖരമാണ് ചെരണ്ടത്തൂര്‍ ചിറ. തരിശായി കിടന്ന ഈ ഭൂമിയില്‍ കൃഷി തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളേ ആയുള്ളൂ. 

വയലില്‍ നിന്ന് വെള്ളം പുറത്തേയ്ക്കൊഴുക്കാന്‍ സമീപത്ത് പമ്പ് ഹൗസ് ഉണ്ടെങ്കിലും ഇവിടുത്തെ രണ്ട് മോട്ടറുകളും തകരാറിലാണ്. തടയണകളുടെ ഷട്ടറുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.