യാത്രക്കാരെ വട്ടം കറക്കിയ ഗതാഗതകുരുക്ക്; താൽക്കാലിക പരിഹാരം

കോഴിക്കോട് കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകള്‍ കാത്തുകിടക്കുന്ന അവസ്ഥ മാറി. ക്രമീകരണം കൃത്യമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചു.  

ഒരുമാസത്തിലധികമായി വാഹനയാത്രികരെ വട്ടം കറക്കിയ കുരുക്കാണ് താല്‍ക്കാലികമായെങ്കിലും മാറിയത്. കൊയിലാണ്ടി നഗരം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് കലക്ടറുടെ നിര്‍ദേശപ്രകാരം നഗരസഭ അധികൃതര്‍ നിയന്ത്രണം നടപ്പാക്കിയത്. വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ ആനക്കുളത്ത് നിന്ന് മുചുകുന്ന് റോഡ് വഴിയെത്തി ചെങ്ങോട്ട് കാവിലെത്തി ദേശീയപായിലൂടെ യാത്ര തുടരും. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ പതിനാലാം മൈലില്‍ നിന്ന് തിരിഞ്ഞ് ബീച്ച് റോഡിലൂടെ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമെത്തി ദേശീയപാതയിലൂടെ തുടര്‍ യാത്ര നടത്തും. കുരുക്കൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വാഹനമോടിക്കുന്നവരും യാത്രക്കാരും. 

ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി തറയോട് പാകലും നടപ്പാത നിര്‍മിക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. ഇരുപത് ദിവസത്തിനിടെ പണി പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് ശ്രമം