അന്തരീക്ഷ മലിനീകരണവും ചിലവും കുറയും; വാഹന പരിശോധനയ്ക്ക് ഇലക്ട്രിക് കാറുകൾ

വയനാട്ടിൽ ഇന്ന് മുതൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനകൾ  ഇലക്ട്രിക് കാറുകളിൽ.  അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് മൂന്ന് വാഹനങ്ങളാണ് ജില്ലയിൽ എത്തിയത്. 

ജില്ലയിൽ മോട്ടർ വാഹന വകുപ്പിന് മൂന്ന് ഇലക്ട്രിക് കാറുകളാണ് അനുവദിച്ചത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിനാണ് ഇലക്ട്രിക് കാറുകൾ ലഭിച്ചത്. ആദ്യ ഘട്ടത്തിൽ വാഹന പരിശോധനയ്ക്കാണ് ഇവ ഉപയോഗിക്കുക.  ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാനായി സിവിൽ സ്റ്റേഷനിലെ ആർടിഒ ഓഫിസിനു സമീപം രണ്ട് ചാർജിങ് പോയിന്റുകളുണ്ട്. ബത്തേരി സബ് ആർടിഒ ഓഫിസിൽ ഒരു ചാർജിങ് പോയിന്റും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇന്നലെ  നിരത്തിലിറങ്ങി. ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ  നിർവഹിച്ചു.