കോള്‍പാടത്തേക്ക് ഉപ്പുവെള്ളം കയറി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൃഷിയിറക്കാറായ മലപ്പുറം പൊന്നാനി കോൾ പാടത്തേക്ക് കാഞ്ഞിരമുക്ക് പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. ബിയ്യം റഗുലേറ്ററിന്റെ ഷട്ടർ അടയ്ക്കാത്തതും താൽകാലിക തടയണ നിർമിക്കാൻ വൈകുന്നതുമാണ് സ്ഥിതി രൂക്ഷമാക്കിയത്.  അറബിക്കടലിൽ നിന്നാണ് കാഞ്ഞിരമുക്ക് പുഴയിൽ ഉപ്പുവെള്ളമെത്തുന്നത്.>

കാഞ്ഞിരമുക്കം പുഴയിലെ ശക്തമായ വേലിയേറ്റത്തെ തുടർന്നാണ് കോൾപാടത്തേക്ക് ഉപ്പുവെള്ളമെത്തുന്നത്. പാടത്തെ വെള്ളം വറ്റിച്ച് നെൽകൃഷി തുടങ്ങാനിരിക്കെ ഉപ്പുവെള്ളം കയറിയത് കർഷകർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വേലിയേറ്റം കൂടുതലുള്ള സമയങ്ങളിൽ ഷട്ടർ താഴ്ത്തി ഉപ്പുവെള്ളം കയറുന്നത് തടയണമെന്നാണ് കർഷകരുടെ ആവശ്യം റഗുലേറ്ററിൽ ജലനിരപ്പ് ഉയരുമ്പോൾ അമിത ജലം ഒഴുക്കി വിടുന്ന ഭിത്തിക്ക് മുകളിൽ താൽകാലിക തടയണ സ്ഥാപിക്കലും ഇതുവരെ തുടങ്ങിയിട്ടില്ല.