വാഴക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ; ഇൻഷൂറൻസ് പോലും ലഭിക്കാതെ കർഷകർ; ദുരിതം

നട്ട് മൂന്നുമാസത്തിനുള്ളിൽ തന്നെ വാഴകള്‍ കാട്ടുപന്നി നശിപ്പിക്കുന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കാതെ കര്‍ഷകര്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍മാത്രം ഏക്കറുകണക്കിന് കൃഷിയാണ് കാട്ടുപന്നികള്‍ ഇല്ലാതാക്കിയത്.

നിലമൊരുക്കി വാഴ നട്ടുവളര്‍ത്തിയിരിക്കുന്നത് കാണാന്‍ കാഴ്ചകാര്‍ക്ക് നല്ല രസമാണ്. എന്നാല്‍ വാഴത്തോട്ടത്തിലേക്കിറങ്ങിയാല്‍ കാണാം കര്‍ഷകന്റെ കണ്ണുനീര്‍. രണ്ടരമാസം പ്രായമായ വാഴകള്‍ കുത്തി നശിപ്പിച്ചിരിക്കുന്നു. ഏകദേശം ഇരുന്നൂറ് രൂപയോളം ഓരോ വഴയ്ക്കും ഇതിനോടകം ചിലവഴിച്ചു. മൂന്ന് മാസം കഴിഞ്ഞ വാഴകള്‍ക്ക് മാത്രമെ ഇന്‍ഷൂറന്‍സ് ലഭിക്കു.

ചാത്തമംഗലത്ത് കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി ലഭിച്ച മൂന്ന് പേര്‍ക്ക് ഇതുവരെ ഏഴ് പന്നികളെ കൊല്ലാനാണ്  സാധിച്ചത്. പന്നികളെ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്ക് ധനസഹായം കൂടി നല്‍കണമെന്ന് നാട്ടുകാര്‍ പറയുന്നു.