മാളിക്കടവ് ഗവണ്‍മെന്റ് വനിത ഐ.ടി.ഐ ഇനി പച്ചപ്പിന്റെ പട്ടികയില്‍

കോഴിക്കോട് മാളിക്കടവ് ഗവണ്‍മെന്റ് വനിത ഐ.ടി.ഐയും ഇനി പച്ചപ്പിന്റെ പട്ടികയില്‍. അക്വാപോണിക്സ് ഉള്‍പ്പെടെ നൂതന കൃഷിരീതികള്‍ ക്യാംപസില്‍ നടപ്പാക്കി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി.

പഠനത്തിനൊപ്പം പച്ചപ്പിനും പ്രാധാന്യം നല്‍കുന്നതാണ് പ്രത്യേകത. സ്വാഭാവിക സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഇതിനകം പച്ചപ്പ് നിലനിര്‍ത്താന്‍ ഐ.ടി.ഐക്കായിട്ടുണ്ട്. പുതിയ പദ്ധതി സാങ്കേതിക വിദ്യയും കാര്‍ഷിക മികവും ഒരു കുടക്കീഴിലെത്തിക്കുന്നതിന് സഹായമാകും. അക്വാപോണിക് യൂണിറ്റ്, ഭക്ഷണ അവശിഷ്ടങ്ങള്‍ സംസ്ക്കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ്, ജൈവ അവശിഷ്ടങ്ങള്‍ വളമാക്കുന്നതിന് തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂണിറ്റ്, ഇരുപത്തി അയ്യായിരം ലീറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി, പച്ചക്കറി, വാഴക്കൃഷി തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ക്യാംപസിന്റെ ഭാഗമായി.  

സംസ്ഥാനത്തെ പതിനൊന്ന് ഐ.ടി.ഐകളെയാണ് ഇത്തരത്തില്‍ ഹരിത ക്യാംപസുകളാക്കി മാറ്റിയത്. കോഴിക്കോട് ജില്ലയില്‍ ആദ്യത്തേതും. പ്രളയത്തില്‍പ്പെട്ട വീടുകളിലെ കേടായ ഉപകരണങ്ങള്‍ തകരാര്‍ പരിഹരിക്കുന്നതിനും ഐ.ടി.ഐയിലെ അധ്യാപക വിദ്യാര്‍ഥികളുടെ ഇടപെടലുണ്ടായിരുന്നു.