വിപണി തിരിച്ചു പിടിച്ച് കോഴിക്കോടൻ ഹൽവ; ആശ്വാസത്തോടെ വ്യാപാരികൾ

മധുരപ്പട്ടികയില്‍ ഒന്നാമതുള്ള കോഴിക്കോടന്‍ ഹല്‍വ വിപണി തിരിച്ചുപിടിക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിന് പിന്നാലെ കൂടുതല്‍ ഇടങ്ങളിലേക്ക് ഹല്‍വ കയറ്റി അയച്ചു തുടങ്ങി. കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള നിയന്ത്രണം മാറിയതും വ്യാപാരികള്‍ക്ക് ആശ്വാസമാണ്. 

രുചിയുടെ കലവറയില്‍ ഇവയ്ക്ക് പകരമില്ല. സ്വാദും തനിമയും അത്രയേറെ സ്വാധീനിക്കുന്നതും. പകിട്ടേറെയുണ്ടായിരുന്ന ഹല്‍വ വിപണി കോവിഡില്‍ വല്ലാതെ തളര്‍ന്നു. പലരും കച്ചവടം അവസാനിപ്പിച്ചു. എട്ട് മാസത്തിനിപ്പുറം വിപണിയിലേക്ക് ൈവവിധ്യം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. കോഴിക്കോടന്‍ ഹല്‍വയ്ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വീണ്ടും വിളിയെത്തുന്നുണ്ട്. ഇത് പ്രതിസന്ധി മറികടക്കുന്നതിന്റെ സൂചനയാണ്. 

കോവിഡ് കാലത്ത് മൊത്തവിതരണക്കാര്‍ പലരും ജീവനക്കാരെ നാലിലൊന്നായി കുറച്ചു. വൈവിധ്യങ്ങളുടെ വഴിയേ നീങ്ങാന്‍ ആരും തയാറായില്ല. ഈത്തപ്പഴം, കരിക്ക്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയ ഹല്‍വ ഇനങ്ങളാണ് വിപണിയില്‍ ചെറിയ തോതില്‍ വിറ്റഴിയുന്നത്. ട്രെയിനുകളും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങുന്നതോെട ഹല്‍വ വിപണി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.