കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി മുണ്ടേരിക്കടവ്; വ്യാപക നഷ്ടം

കണ്ണൂര്‍ മുണ്ടേരിക്കടവില്‍ കാട്ടുപന്നി ശല്യം രൂക്ഷം. പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. നൂഞ്ഞേരി പാടശേഖര സമിതിയുടെ വാഴകൃഷിയും നശിപ്പിച്ചു.

മുണ്ടേരിക്കടവിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം തേടുകയാണ് കര്‍ഷകര്‍. നിരവധി കര്‍ഷകരുടെ അധ്വാനമാണ് കാട്ടുപന്നികള്‍ ഇല്ലാതാക്കുന്നത്. നൂഞ്ഞേരി പാടശേഖര സമിതി പ്രവര്‍ത്തകര്‍ ഇരുപത് സെന്‍റ് സ്ഥലത്താണ് വാഴ കൃഷി ചെയ്തത്. കുലച്ച അമ്പതോളം വാഴകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. നെല്‍കൃഷിയിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല. ഒന്നര ലക്ഷം രൂപയുടെ  നഷ്ടമുണ്ടായെന്നാണ് പാടശേഖര സമിതി പറയുന്നു.

കാട്ടുപന്നി ശല്യവും കൃഷിനാശവും പഞ്ചായത്തിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയുമായി മുന്നോട്ട് പോകാന്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.