മണ്‍പാത്ര നിര്‍മാണം പ്രതിസന്ധിയിൽ; ആശ്രയമില്ലാതെ കുടുംബം

മണ്‍പാത്ര നിര്‍മാണം പരമ്പരാഗതമായി ചെയ്തുവരുന്ന കുംഭാരസമുദായത്തിലെ കുടുംബങ്ങളെ കോവിഡ് അക്ഷരാര്‍ഥത്തില്‍ ലോക്ഡൗണാക്കി. ഇവര്‍ നിര്‍മ്മിച്ച ലക്ഷങ്ങളുടെ പാത്രങ്ങളെല്ലാം വാങ്ങാനാളില്ലാതെ കെട്ടികിടക്കുകയാണ്. പല കുടുംബങ്ങളുടെയും അടുപ്പുകളില്‍ തീ പുകഞ്ഞിട്ട് ദിവസങ്ങളായി.  

കോഴിക്കോട് മൂഴിക്കലിലെ ഒരു മണ്‍പാത്ര നിര്‍മാണ കേന്ദ്രമാണിത്. 54 കാരനായ അളഗിരിയാണ് തൊഴിലാളി.  ഓണത്തിന് കുറച്ച് വില്‍പ്പന നടക്കുമെന്ന പ്രതീക്ഷയില്‍ നടത്തിയ നിര്‍മാണമെല്ലാം പാഴായി. എങ്കിലും കൂടുതല്‍ പാത്രങ്ങള്‍ ഉണ്ടാക്കികൊണ്ടേയിരിക്കുകയാണ്. ആവശ്യക്കാരായി ആരെങ്കിലുംഎത്തിയാലോ എന്ന് പ്രതീക്ഷിച്ച്. പട്ടിണി കിടക്കാന്‍ പറ്റില്ലല്ലോ.

വിഷു, ഓണം, പെരുന്നാള്‍ , വ്യാപാരമേളകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം കോവിഡില്‍ ഒലിച്ചുപോയതോടെ ഇവര്‍ തീര്‍ത്തും പ്രതിസന്ധിയിലായി.  കളിമണ്ണ് ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടും ഇവരുടെ  പ്രതിസന്ധി കൂട്ടുന്നു.