റോഡ് വിണ്ട് കീറി; ഉളിക്കൽ-പയ്യാവൂർ ഹൈവേ അപകടത്തിൽ

കണ്ണൂർ ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേ അപകടത്തിൽ. മുണ്ടാന്നൂർ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം റോഡ് വിണ്ട് കീറി. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് പുഴയോട് ചേർന്നുള്ള മലയോര ഹൈവേയിൽ വിള്ളൽ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി. അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ റോഡ് അടച്ചു. ഗതാഗതം മുണ്ടാന്നൂർ 

വഴി തിരിച്ച് വിടുകയും ചെയ്തു. കഴിഞ്ഞ കാലവർഷത്തിലും ഇതിന് സമീപത്തായി റോഡിന്റെ പകുതിയോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞിരുന്നു. അത് പുനർ നിർമിച്ച് ഗതാഗതയോഗ്യമാക്കി മാസങ്ങൾ പിന്നിടുമ്പോഴാണ് സമീപത്തായി വീണ്ടും റോഡ് അപകടത്തിലായത് . മഴ കുറഞ്ഞാൽ ചെറിയ വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.