ഇരിട്ടിയിൽ ശക്തമായ കാറ്റ്; മരം കടപുഴകി വീണ് ഗതാഗതം താറുമാറായി

കണ്ണൂർ ഇരിട്ടിയില്‍ ശക്തമായ കാറ്റിനെ തുടർന്ന് റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടി- തളിപറമ്പ് സംസ്ഥാന പാതയില്‍ പെരുമ്പറമ്പ് സ്‌കൂളിന് സമീപത്താണ് മരം വീണത്. ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസറുടെ കാറിന് മുകളിലും മരം വീണ് കേടുപാട് പറ്റി.

മലയോര പ്രദേശമായ ഇരിട്ടി മേഖലയിൽ ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. ഇരിട്ടി തളിപറമ്പ് സംസ്ഥാന പാതയില്‍ പെരുമ്പറമ്പ് സ്‌കൂളിന് മുന്നിലെ മരമാണ് കടപുഴകി വീണത്. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി. സമീപത്തെ ട്രാന്‍സ്‌ഫോർമറും വൈദ്യുതി തൂണുകളും 

റോഡിലേക്ക് മറഞ്ഞ് വീണു. ഇതോടെ ഈ മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് മരം മുറിച്ച് മാറ്റിയത്. തുടർന്ന്  കെ എസ് ഇ ബി ജീവനക്കാരെത്തി മറിഞ്ഞ് വീണ ട്രാന്‍സ്‌ഫോമര്‍ റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. 

താലൂക്ക് സപ്ലൈ ഓഫിസിന് സമീപത്തായി നിര്‍ത്തിയിട്ട സപ്ലൈ ഓഫീസര്‍ ജോസഫ് ജോര്‍ജിന്റെ കാറിന് മുകളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി.