പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലെ പാലവും റോഡും പുനർനിർമിച്ചു

രണ്ടുവര്‍ഷം മുന്‍പ് ഉരുൾപൊട്ടലിൽ തകർന്ന പാലക്കാട് നെല്ലിയാമ്പതിയിലേക്കുളള പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയായി. കുണ്ട്റുച്ചോലയില്‍ ഒന്നരക്കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. 

2018 ഒാഗസ്റ്റ് 16 നുണ്ടായ ഉരുള്‍പൊട്ടലിലാണ് ഇവിടെ കുണ്ട്റുച്ചോലിയിലുണ്ടായിരുന്ന ചെറിയ പാലം ഒലിച്ചുപോയത്. വലിയകല്ലുകളും മറ്റും ഒഴുകിവന്നതും, വാഹനഗതാഗതം നിലച്ചതും നെല്ലിയാമ്പതി ഒറ്റപ്പെട്ടതും അന്ന് വാര്‍ത്തയായതാണ്.

ഇന്നിപ്പോള്‍ അതേ സ്ഥലത്ത് പാലം നിര്‍മിച്ചു. ഉരുൾപൊട്ടലും മലവെളളപ്പാച്ചിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ അന്നത്തേതിനേക്കാള്‍ വലുപ്പത്തിലും ബലത്തിലുമാണ് കുണ്റുച്ചോലയില്‍ പുതിയൊരു പാലം. നെല്ലിയാമ്പതിയിലെ തോട്ടംതൊഴിലാളികള്‍ക്ക് മാത്രമല്ല ഇതുവഴിയെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സുരക്ഷിതമായ യാത്രയ്ക്ക് ഇതാവശ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി താല്‍ക്കാലികമായി പാലം നിര്‍മിച്ചായിരുന്നു യാത്ര. ഇവിടെ മാത്രമല്ല ഇതേ റോഡിന്റെ തകര്‍ന്നഭാഗങ്ങളെല്ലാം പൊതുമരാമത്ത് വകുപ്പ് ബലപ്പെടുത്തിയിട്ടുണ്ട്.

83 ഇടങ്ങളിലാണ് 2018 ല്‍ നെല്ലിയാമ്പതില്‍ െചറുതുംവലുതുമായ ഉരുൾപൊട്ടലുണ്ടായത്. മഴ കനക്കുമ്പോഴൊക്കെ മലനിരകളിൽ നിന്ന് ‍ജലപ്രവാഹമുളളതിനാല്‍ മലമടക്കിലൂടെയുളള റോഡ് യാത്രയ്ക്കും കരുതല്‍ ഏറെ ആവശ്യം.