കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് വയൽക്കിളികൾ

കണ്ണൂരില്‍ ദേശീയപാത ബൈപാസിനായി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കുന്ന നടപടിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് സമരസമിതിയായ വയല്‍ക്കിളികള്‍. ജൂലൈ മുപ്പത്തിയൊന്നിന് മുന്‍പ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന അന്തിമ ഉത്തരവിന് പിന്നാലെയാണ് വയല്‍ക്കിളികളുടെ പ്രതികരണം.

ദേശീയപാത ബൈപാസിനായി കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കാനുള്ള 3 ജി നോട്ടിഫിക്കേഷനാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിചാരണ ഈ മാസം പതിനേഴ് മുതല്‍ ആരംഭിക്കും. തുടര്‍ന്ന് നഷ്ടപരിഹാരം വിതരണം ചെയ്യും. എന്നാല്‍ വയല്‍ നികത്തുന്നതിനെതിരെ നിയമപോരാട്ടം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള വികസന അജന്‍ഡയാണ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതെന്നാണ് ആരോപണം. വയല്‍ നികത്തി നിര്‍മാണം നടത്തുന്നതിനെതിരായുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.  രണ്ട് വര്‍ഷം മുന്‍പ് വയല്‍ക്കിളികള്‍ നടത്തിയ സമരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.