കടലുണ്ടിപ്പുഴയുടെ തീരം കയ്യേറി മൈതാനം നിര്‍മിക്കുന്നതായി പരാതി

മലപ്പുറം നഗരത്തോടു ചേര്‍ന്ന് നൂറടി പാലത്തിനു മീതെ കടലുണ്ടിപ്പുഴയുടെ തീരം കയ്യേറി മൈതാനം നിര്‍മിക്കുന്നതായി പരാതി. മൈതാനത്തിന്റെ ഭിത്തി നിര്‍മാണം അശാസ്ത്രീയമാണന്ന പരാതി ഉയര്‍ന്നതോടെ പണി നിര്‍ത്തി വക്കാന്‍ ഇറിഗേഷന്‍ അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി.

നൂറടി പാലത്തിന് 200 മീറ്റര്‍ മീതെയായി പുഴ വളഞ്ഞൊഴുകുന്ന ഭാഗത്താണ് മൈതാനനിര്‍മാണം. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പുഴയോരത്ത് കോണ്‍ക്രീറ്റ് ഭിത്തിയുടെ പണി തുടരുകയാണ്. 58 മീറ്റര്‍ നീളത്തിലും 2.8 മീറ്റര്‍ ഉയരത്തിലും പുഴയിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ പ്രളയകാലങ്ങളിലേതുപോലെ ജലനിരപ്പ് കുത്തനെ കൂടുബോള്‍ വെളളത്തിന്റെ ഗതി മാറാന്‍പോലും ഭിത്തി കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും പുഴയോരത്തെ കോട്ടപ്പടി, മൈലപ്രം ഭാഗങ്ങളില്‍ ദിവസങ്ങളോളം വെളളപ്പൊക്കമായിരുന്നു. ഏറനാട് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൈതാനത്തിന്റെ ഭൂമിയും പുഴയോരവും അളന്നു തിട്ടപ്പെടുത്തിയ ശേഷം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.