ലോക്ഡൗണില്ലാതെ തെരുവ്നായകൾ; കോഴിക്കോട് 8 പേർക്ക് കടിയേറ്റു

കോഴിക്കോട് നഗരത്തില്‍ തെരുവു നായ ശല്യം രൂക്ഷം. പൊതു ഇടങ്ങളില്‍ പോലും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെയാണ് നായകള്‍ കൂട്ടമായി എത്തുന്നത്. ഇന്നലെ മാത്രം നഗരപരിധിയില്‍ എട്ടുപേര്‍ക്കാണ് നായകളുടെ കടിയേറ്റത്. ലോക്ഡൗണ്‍ കാലത്ത് തെരുവുനായകള്‍ക്ക് നല്‍കിയ ഭക്ഷണവിതരണം നിര്‍ത്തിയതും നായക്കൂട്ടങ്ങള്‍ അക്രമാസക്തമാകാന്‍ കാരണമാകുന്നു. 

ലോക് ഡൗണ്‍ കാലത്ത് തെരുവുനായകള്‍ക്ക്  കൃത്യമായി സന്നദ്ധസംഘടനകളും മറ്റും ഭക്ഷണം എത്തിച്ചിരുന്നു. ലോക്ഡൗണ്‍ ഇളവായതോടെ അത് കിട്ടാതായി.ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്.പൊതുയിടങ്ങളില്‍ പോലും ആളുകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുകയാണ്. ഇവ തേടി നായകളും എത്തുന്നു.ബീച്ചിലും വലിയങ്ങാടിയും പാളയത്തും അങ്ങനെ കോഴിക്കോടിന്റെ നഗരഭാഗങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാവുന്നു. ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് കടിയേറ്റത്. വലിയങ്ങാടിയില്‍ ജോലിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് പേടിയാണ്

കോഴിക്കോട് കോര്‍പറേഷന്‍ നടപ്പാക്കുന്ന തെരുവു നായ വന്ധ്യം കരണം പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്.2019 മാര്‍ച്ച് മുതല്‍ ഇതുവരെ 4000 ത്തോളം വന്ധ്യം കരണ ശസ്ത്രക്രിയകള്‍ നടന്നു.പക്ഷെ തെരുവുനായ ശല്യം കൂടുകതന്നെയാണ്