നെല്ല് കൊയ്യാൻ ആളില്ല; ഏക്കറുകണക്കിന് പാടശേഖരം നശിക്കുന്നു

നെല്ല് കൊയ്യാൻ ആളില്ലാതായതോടെ മലപ്പുറം തിരൂരങ്ങാടിയില്‍ നൂറുകണക്കിന് ഏക്കറിൽ പടർന്നുകിടക്കുന്ന പാടശേഖരം നശിക്കുന്നു. കൊയ്യാൻ യന്ത്രങ്ങളുമായെത്തിയ ഡ്രൈവർമാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിലേക്ക് മടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. 

കൊയ്ത് യന്ത്രം പാടത്തുണ്ട്, പക്ഷെ പ്രവർത്തിപ്പിക്കാനാളില്ല. തിരൂരങ്ങാടി ചെറുമുക്കിൽ മുന്നൂറേക്കറേളം പടർന്നുകിടക്കുന്ന  നെല്ലാണ് ഇങ്ങനെ നശിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും യന്ത്രങ്ങളെത്തിച്ച് കൊയ്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയപ്പോഴാണ് ലോക്ക്ഡൗൺ ഈ കർഷകർക്ക് തിരിച്ചടിയായത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്ന് രാത്രി തന്നെ അഞ്ച് ഡ്രൈവർമാരും ചരക്ക് ലോറിയിൽ നാട്ടിലേക്ക് പോയി. പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടറെ സമീപിക്കാനാണ് നീക്കം.

 കൊയ്തിനു മുൻപായി വേനൽമഴയെത്തിയാൽ ഭീമമായ നഷ്ടമാകും ഈ കർഷകർക്ക് നേരിടേണ്ടി വരുക.