മലപ്പുറത്ത് വൃക്ക മാറ്റിവെച്ചവർക്കുള്ള മരുന്നില്ല; നിസഹായരായി രോഗികൾ

വൃക്ക മാറ്റിവച്ചവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട മരുന്ന് മലപ്പുറം ജില്ലയില്‍ കിട്ടാനില്ല. ഇതോടെ വൃക്ക മാറ്റിവച്ച രോഗികള്‍ പ്രതിസന്ധിയിലായി. കോവിഡ് ഭീതി മൂലം മറ്റു ജില്ലകളില്‍ പോയി ഗുളിക വാങ്ങാനും മാര്‍ഗമില്ലാത്ത നിസഹായതയിലാണ് രോഗികള്‍. 

വൃക്ക മാറ്റിവച്ച രോഗികള്‍ക്ക് ദിവസവും 200 മുതല്‍ 500 രൂപയുടെ വരെ മരുന്ന് ആവശ്യമുണ്ട്. കൃത്യസമയത്ത് മരുന്നു കഴിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവും. മഞ്ചേരി , പെരിന്തല്‍മണ്ണ, നിലമ്പൂര്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നായിരുന്നു മലപ്പുറം ജില്ലക്കാര്‍ മരുന്നു വാങ്ങിയിരുന്നത്. കോവിഡ് ആശങ്കകള്‍ക്കിടെ കഴിഞ്ഞ ഒന്നര മാസമായി കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല. ഇരട്ടി പണം കൊടുത്താലും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലും കിട്ടാനില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരായതുകൊണ്ട് മരുന്നു വാങ്ങാന്‍ കോഴിക്കോടിന് പോവാനും പ്രയാസമാണ്.

കര്‍ശനമായ പൊലീസ് പരിശോധന മറികടന്ന മറ്റു ജില്ലകളില്‍ പോയി മരുന്നു വാങ്ങാന്‍ കഴിയാത്തവരാണ് ഏറെ രോഗികളും. ജില്ല പഞ്ചായത്ത് കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റിയുമായി സഹകരിച്ച്  നേരത്തെ വീടുകളില്‍ സൗജന്യമായി എത്തിച്ചിരുന്ന മരുന്ന് പിന്നീട് നിര്‍ത്തുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ വഴി സൗജന്യമായി വൃക്ക മാറ്റിവച്ചവര്‍ക്ക് മരുന്ന് എത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പ്രാവര്‍ത്തികമായില്ല.