മലിനജലം നീക്കാന്‍ നടപടിയില്ല; അലംഭാവം; സമരത്തിനൊരുങ്ങി നാട്ടുകാര്‍

കോഴിക്കോട് കാപ്പാട് മുനമ്പത്തെ പകര്‍ച്ചവ്യാധി ഭീഷണി പരിഹരിക്കാതെ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അലംഭാവം. ഗുരുതരാവസ്ഥയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കെട്ടിക്കിടക്കുന്ന മലിനജലം നീക്കാന്‍ നടപടിയില്ല. പ്രശ്ന പരിഹാരം വൈകിയാല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.  

മാലിന്യനിക്ഷേപം പൂര്‍ണമായും ഒഴിവാക്കുക. പനിപ്പേടിയില്‍ നിന്ന് മുനമ്പത്തുകാരെ രക്ഷിക്കുക. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം ന്യായമാണ്. ജനകീയ കമ്മിറ്റി തീരുമാനിക്കട്ടെയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടാണ് അംഗീകരിക്കാനാകാത്തത്. 

ഗുരുതരാവസ്ഥയെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടും അവഗണിച്ചു. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമം മതി നൂറിലധികം കുടുംബങ്ങളുടെ ദിവസങ്ങളായുള്ള ആശങ്ക നീങ്ങാന്‍. തടയണ പൊളിച്ച് മലിനജലം ഒഴുക്കിയില്ലെങ്കില്‍ ചേമഞ്ചേരി പഞ്ചായത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.