പക്ഷിപ്പനി; ബാധിത മേഖലയിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കി

കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി ബാധിതമേഖലയിലെ വളര്‍ത്തുപക്ഷികളെ കൊല്ലുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇവിടെനിന്ന് ഒളിപ്പിച്ച് കടത്തിയ വളര്‍ത്തുപക്ഷികളെ പൊലീസ് സഹായത്തോടെ കണ്ടെത്തിയാണ് കൊന്നത്. 

കൊടിയത്തൂര്‍, ചാത്തമംഗലം, വേങ്ങേരി മേഖലകളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊന്ന് ദഹിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍നിന്ന് രഹസ്യമായി രാത്രിയുടെ മറവില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തികൊണ്ടുപോയ പക്ഷികളെയും കോഴികളെയും കൊന്നു. വേങ്ങേരിയില്‍നിന്ന് മാറ്റിയ വളര്‍ത്തുപക്ഷികളെ രണ്ടുവീടുകളിലാണ് ഒളിപ്പിച്ചത്. ഇവയെ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. 

വരുംദിവസങ്ങളിലും പത്ത് കിലോമീറ്റര്‍ പരിധിയില്‍ പരിശോധനകളും നിരീക്ഷണവും തുടരും. രോഗം കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനിയും വളര്‍ത്തുപക്ഷികളെ കണ്ടെത്തിയാലും കൊല്ലാനാണ് തീരുമാനം.