ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം, തുറന്ന് കൊടുക്കാതെ കാർഷിക വിപണനകേന്ദ്രം

കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അവതാളത്തില്‍. ഉന്നത നിലവാരത്തിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. കര്‍ഷകര്‍ക്കോ പൊതുജനങ്ങള്‍ക്കോ കച്ചവടക്കാര്‍ക്കോ ഇതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. 

2016 ജൂലൈയിലാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇവിടെയെത്തി കാര്‍ഷിക വിപണനകേന്ദ്രത്തെ ഉന്നതനിലവാരത്തിലെത്തിക്കുമെന്നുറപ്പ് നല്‍കി മടങ്ങിയത്. വര്‍ഷം നാലായി. യാതൊരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ല. 

മുറവിളികള്‍ക്കൊടുവില്‍ 2018ലാണ് വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിനായി വിവിധ പദ്ധതികള്‍  തയ്യാറാക്കിയത്. എന്നാല്‍ എല്ലാം ഇപ്പോഴും കടലാസില്‍ തന്നെ. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള  കാര്‍ഷിക വിളകള്‍ നേരിട്ട് എത്തിച്ച് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുകയായിരുന്നു വിപണനകേന്ദ്രത്തിന്‍റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ എല്ലാം ജില്ലകളില്‍ നിന്നുള്ള വിളകളും ഇവിടെയെത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് മലപ്പുറത്ത് നിന്നും പാലക്കാട് നിന്നും മാത്രമാണ്. 

കൃഷിമന്ത്രിയോടാണ് പറയാനുള്ളത്.  ഉറപ്പുകള്‍ നല്‍കി പദ്ധതി ആസൂത്രണം ചെയ്ത് പോയാല്‍ മാത്രം പോര. അത് നടപ്പാകുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കണം, വിലയിരുത്തണം. ഇല്ലെങ്കില്‍ ഇതാകും സ്ഥതി.