മലയാളം ഇഷ്ടം; പഠിക്കണമെന്നാവശ്യവുമായി മഞ്ചേശ്വരത്തെ വിദ്യാര്‍ഥികള്‍

ഭാഷാ ദിനത്തിൽ മലയാളം പഠിക്കണമെന്നാവശ്യവുമായി ഒരു കൂട്ടം വിദ്യാർഥികൾ. കാസർകോട് മഞ്ചേശ്വരമുൾപ്പെടെയുള്ള പ്രദേശത്തെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് മാതൃഭാഷ പഠിക്കാനായി ആഗ്രഹിക്കുന്നത്.  

കേരള കർണാടക സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഞ്ചേശ്വരം. ഇവിടെയുള്ള ഇരുപതിലധികം സ്കൂളുകളിൽ കന്നടയാണ് പ്രധാന ഭാഷ. വർഷങ്ങളായി ഇവർ പഠിക്കുന്നതും കന്നട തന്നെ. എന്നാൽ സ്കൂൾ പഠനം കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് യഥാർഥ പ്രതിസന്ധി ഇവർ നേരിടുന്നത്. സർക്കാർ ജോലിക്കോ, അതുപോലെ കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ പോകുമ്പോൾ മലയാളം മനസിലാകാത്ത സാഹചര്യമാണ് ഇവരെ വലയ്ക്കുന്നത്. പക്ഷെ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളുകളിൽ മലയാളം പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനുള്ള സംവിധാനം സ്കൂളുകൾ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 

സർക്കാർ തന്നെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കണമെന്നത് നിയമമാക്കിയിട്ടും കാസർകോട് ജില്ലയിലെ പല സ്കൂളുകളും ഇതിന് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതു കൊണ്ടു തന്നെ അടുത്ത തലമുറയെങ്കിലും മലയാളം പഠിക്കുന്നതിന് സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടെണമെന്നാണ് ഒരു നാടിന്റെ ഒന്നാകെ ആവശ്യം.