മഹാകവി ‘ജി’യുടെ 120ാം ജന്‍മദിനം; സ്മാരകം ഫണ്ടില്ലാതെ കടലാസിൽ തന്നെ

മലയാളത്തിന്റെ കാവ്യസൂര്യകാന്തിയായി വിളങ്ങിയ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ നൂറ്റിയിരുപതാം ജന്മദിനം ഇന്ന്. പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടി ഭാഷയ്ക്ക് തിലകക്കുറി ചാര്‍ത്തിയെങ്കിലും അദ്ദേഹത്തിനൊരു സ്മാരകം ഇപ്പോഴും കടലാസിലാണ്. സ്ഥലം കണ്ടെത്തിയെങ്കിലും ഫണ്ടില്ലായ്മയുടെ പേരില്‍ നടപടികള്‍ വൈകുകയാണ്.

ഓടക്കുഴലില്‍തൂങ്ങി പ്രഥമ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് വര്‍ഷം അന്‍പത്തിയാറു കഴിഞ്ഞു. മഹാകവി ജി വിടപറഞ്ഞിട്ട് നാല്‍പത്തിമൂന്ന് വര്‍ഷവും. ജി.ശങ്കരക്കുറുപ്പിന് യോജ്യമായ സ്മാരകമുണ്ടാക്കാന്‍ കൊച്ചിയില്‍ ഹൈക്കോടതിക്കുസമീപം സ്ഥലം കണ്ടെത്തിയിട്ട് വര്‍ഷങ്ങളായി. ആദ്യം ഒരേക്കറും, പിന്നീടത് അരയേക്കറും ഇപ്പോള്‍ ഇരുപത്തിയഞ്ച് സെന്റുമായി ചുരുങ്ങി. ഇപ്പോഴും സ്ഥലം കാടുപിടിച്ചുതന്നെ കിടക്കുന്നു. നിര്‍മിതികള്‍ കുറച്ച് പ്രകൃതിയോടിണങ്ങുന്ന തരത്തില്‍ സ്മാരകം നിര്‍മിക്കുമെന്നാണ് കോര്‍പറേഷന്‍റെ പ്രഖ്യാപനം. പ്ലാന്‍ തയാറാക്കി, ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ഭരണസമിതിക്ക് ഫണ്ട് കണ്ടെത്താനായില്ല. നിലവില്‍ അമൃത് പദ്ധതിയില്‍പ്പെടുത്തി സ്മാരകം പൂര്‍ത്തിയാക്കാനാണ് ശ്രമം.സര്‍ക്കാരില്‍നിന്നല്ലാതെ പണം കണ്ടെത്തണമെങ്കില്‍ അതിനുള്ള ശ്രമമുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.