ഇലക്ട്രിക് ഓട്ടോ; പെര്‍മിറ്റ് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം പ്രതിസന്ധിയില്‍

നഗരപെര്‍മിറ്റുണ്ടായിട്ടും സര്‍വീസ് നടത്താത്ത ഓട്ടോകള്‍ക്ക് പകരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് അനുമതി നല്‍കാമെന്ന നിര്‍ദേശവുമായി കോഴിക്കോട്ടെ തൊഴിലാളികള്‍. എന്നാല്‍ നിലവിലെ പെര്‍മിറ്റിന് പുറമെ രണ്ടായിരം ഇലക്ട്രിക് ഓട്ടോകള്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതിന് തടസമാകുന്നു. 

നഗരത്തില്‍ 4337 ഓട്ടോകള്‍ക്കാണ് പെര്‍മിറ്റുള്ളത്. എന്നാല്‍ ഇതില്‍ എണ്ണൂറിലേറെ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് തൊഴിലാളികള്‍ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ ഓടാതെ കിടക്കുന്ന ഓട്ടോകളുടെ പെര്‍മിറ്റ് ഇലക്ട്രിക് ഓട്ടോകള്‍ക്ക് നല്‍കണമെന്ന ആശയത്തോട് തൊഴിലാളികള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല.

കോര്‍പറേഷന്‍ അധികൃതരോടും കലക്ടറോടും ഇക്കാര്യം അറിയിച്ചു. എന്നാല്‍ നിലവിലെ പെര്‍മിറ്റിന് പുറമെ രണ്ടായിരം ഇലക്ട്രിക് പെര്‍മിറ്റ് കൂടി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍ മാറ്റം വരുത്തിയാലേ ഈ ആശയം പരിഗണിക്കാനാവു. കൂടുതല്‍ ഓട്ടോകള്‍ നിരത്തിലിറങ്ങുന്നത് തൊഴില്‍ സുരക്ഷ നഷ്ടമാക്കുന്നതിനൊപ്പം ഗതാഗത കുരുക്കിനും കാരണമാകുമെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു.