പ്രകൃതിയെ തിരിച്ചുപിടിച്ച് പൊന്നാനിക്കാർ; നഗരസഭ നേടിയത് ഹരിത പുരസ്കാരം

മണ്ണിനേയും പ്രകൃതിയേയും മുറുകെ പിടിച്ചുള്ള പൊന്നാനി നഗരസഭയുടെ വികസന കാഴ്ചപ്പാടുകള്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഹരിത പുരസ്കാരം. പരിസ്ഥിതി സംരക്ഷകര്‍ക്ക് നല്‍കിയ ഗ്രീന്‍ റോയല്‍റ്റി, ഹരിതഭവനം എന്നീ പദ്ധതികളാണ് പൊന്നാനിയെ മറ്റ് നഗരസഭകളില്‍ നിന്ന് വ്യത്യസ്ഥമാക്കിയത്.

മാലിന്യത്തിന്റെയും ശുചിത്വത്തിന്റെയും പേരില്‍ എന്നും പഴികേട്ടിരുന്ന പൊന്നാനിക്ക് ഹരിതകേരള മിഷന്‍ നല്‍കിയത് നൂറില്‍ നൂറ് മാര്‍ക്ക്. പ്രകൃതിയെ സംരക്ഷിക്കുന്നവരെ ചേര്‍ത്തുപിടിച്ചതാണ് നഗരസഭയുടെ ഹൈലൈറ്റ്. കാവും, വയലും, കുളങ്ങളും സംരക്ഷിക്കുന്നവര്‍ക്ക് അവകാശ ധനമായി ഗ്രീന്‍ റോയല്‍റ്റി. മാലിന്യ സംസ്കരണത്തിനും മഴവെള്ള സംഭരണത്തിനും സംവിധാനം, വളര്‍ത്തുമൃഗങ്ങളും പച്ചക്കറി കൃഷിയും, വൈദ്യുതിക്കായി സോളാര്‍ സംവിധാനം എന്നിവയുള്ള വീടിനെ ഹരിതഭവനമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, ഈ വീടുകള്‍ക്ക് നഗരസഭയുടെ സമ്മാനമായി 14500 രൂപയും നല്‍കി. ഇതോടെ , പൊന്നാനിക്കാര്‍ ഹരിതഭവനം പദ്ധതിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

മഴവെള്ളം ശേഖരിക്കാന്‍ കുളങ്ങളും തോടുകളും വൃത്തിയാക്കി. ഉപയോഗശൂന്യമായി കിടന്നിരുന്ന മണിക്കുളം, ഇന്ന് നീന്തല്‍ മല്‍സരങ്ങള്‍ വരെ നടത്താവുന്ന സ്ഥലമാണ്.19 ഏക്കറില്‍ നെല്‍കൃഷിയുണ്ടായിരുന്ന പൊന്നാനിയില്‍ ഇപ്പോള്‍ 93 ഏക്കറിലാണ് കൃഷി. കൊല്ലന്‍പടിയില്‍ മാലിന്യം മൂടിക്കിടന്നിരുന്ന പ്രദേശമാകട്ടെ, ഇന്ന് കവിമുറ്റം എന്ന സാംസ്കാരിക വയോജന പാര്‍ക്കാണ്.  പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഹരിത ചട്ടം നിര്‍ബന്ധമാക്കി. പൊന്നാനിയെ വീണ്ടും പൊന്നാക്കാന്‍ ജനങ്ങളെല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് നഗരസഭയുടെ വിജയം.