ഇലക്ട്രിക്ക് ഓട്ടോകളുടെ നിയന്ത്രണം; സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍

ഇലക്ട്രിക് ഓട്ടോകളുടെ കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍. ഇലക്ട്രിക് ഓട്ടോകളെ പെര്‍മിറ്റിന് കീഴിലാക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികള്‍ നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ സമരം തുടരുകയാണ്. 

ഇന്ന് അര്‍ധരാത്രിവരെയാണ് സമരം. ഇത് സൂചനാ സമരം മാത്രമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ കടുത്ത സമരമാര്‍ഗം സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വാഹന നയത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകള്‍ക്ക് എവിടെയും സര്‍വീസ് നടത്താം. എന്നാല്‍ പെര്‍മിറ്റ് ഇല്ലാതെ തോന്നുപോലെ ഓടുന്നത് വരുമാന–തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് നിലവിലെ തൊഴിലാളികള്‍ പറയുന്നു.

വാഹന നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്താതെ ഇലക്ട്രിക് ഓട്ടോകളെ നിയന്ത്രിക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.