വരഗാർപ്പുഴയിൽ അനധികൃത നിർമാണം; കയ്യേറ്റം തടയണമെന്ന് നാട്ടുകാർ

പാലക്കാട് അട്ടപ്പാടി പുതൂരില്‍ വരഗാര്‍ പുഴയില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തി നടക്കുന്നതായി പരാതി. പുഴയോരത്തെ സ്വകാര്യഭൂമിയുടെ സംരക്ഷണത്തിന്റെ പേരിലാണ് മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. 

പുതൂര്‍ പഞ്ചായത്തിൽ ആലാമരം തോപ്പുക്കാടാണ് വരഗാർ പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിർമാണപ്രവൃത്തികള്‍. പുഴയോരത്തുളള കൃഷിയിടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭിത്തി നിര്‍മിക്കുകയാണ് പ്രധാനം. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ പുഴയിലിറക്കിയാണ് നിര്‍മാണ പ്രവൃത്തികള്‍. കഴിഞ്ഞ പ്രളയകാലത്ത് വരഗാര്‍ പുഴ നിറഞ്ഞൊഴുകി പുഴയോരങ്ങള്‍ ഇടിഞ്ഞുതാണിരുന്നു. ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് അനുമതി തേടി സ്വകാര്യവ്യക്തി പഞ്ചായത്തിനും ഒറ്റപ്പാലം സബ് കലക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുമതി കൊടുത്തിട്ടില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം നിരവധിയിടങ്ങളില്‍ പുഴയോരങ്ങളില്‍ കയ്യേറ്റമുണ്ടെന്നാണ് പുഴസംരക്ഷണ പ്രവര്‍ത്തകരുടെ പരാതി. 

ഭവാനിപുഴയുടെ പ്രധാന കൈവഴിയായ വരഗാർ. അനധികൃത നിർമ്മാണവും പുഴ കയ്യേറ്റവും തടയണമെന്നാവശ്യപ്പെട്ട് ജലനിധി ശുദ്ധജല വിതരണ സമിതി ഭാരവാഹികൾ ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകി.