മിഠായിത്തെരുവിൽ വീണ്ടും നവീകരണം; വ്യാപാരികളും കോർപറേഷനും രണ്ടുതട്ടിൽ

കോഴിക്കോട് മിഠായിത്തെരുവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണ-പരിപാലന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കോര്‍പറേഷന്‍. എന്നാല്‍ നവീകരണ പ്രവര്‍ത്തനകള്‍ ആരംഭിച്ചതിന് ശേഷം വ്യാപാരം കുറഞ്ഞെന്നാണ് കച്ചവടക്കാരുടെ പ്രതികരണം. മിഠായിത്തെരുവുവഴി വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യത്തിലും വ്യാപാരികള്‍ ഉറച്ച് നില്‍ക്കുന്നു.

ആദ്യഘട്ട നവീകരണം പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്ന് സ്ഥാപിച്ച ബള്‍ബുകളെല്ലാം കണ്ണടച്ചു. ഇനി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി തുടര്‍ നവീകരണം നടത്താനാണ് കോര്‍പറേഷന്‍‌ നീക്കം. പക്ഷേ രണ്ടുവര്‍ഷത്തിനിടയില്‍ വ്യാപാരം കുത്തനെ കുറഞ്ഞെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതും വ്യാപാരം കുറയാന്‍ കാരണമായി ചൂണ്ടികാണിക്കുന്നു.

ശുചിമുറികള്‍, കുടിവെള്ളം, കൂടുതല്‍ ലൈറ്റുകള്‍, സുരക്ഷാ സംവിധാനം തുടങ്ങിയവ ഇനിയുള്ള നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് കോര്‍പറേഷന്‍ അധികാരികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് മിഠായിത്തെരുവിലെ വ്യാപാരികള്‍.