ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

ബസ് ജീവനക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വടകര–നാദാപുരം–തൊട്ടില്‍പ്പാലം റൂട്ടില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം. ഹര്‍ത്താല്‍ ദിനത്തില്‍  സര്‍വീസ് നടത്തിയ മൂന്ന് ബസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം  17 ന് നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയും ജീവനക്കാര്‍ക്കുനേരെയുമാണ് ആക്രമണം ഉണ്ടായത്. സര്‍വീസ് നടത്തിയ ബസ് ഒാര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിടുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. 21 ാം തിയതിയാണ് ഈ ബസ് തകര്‍ത്തത്..കഴിഞ്ഞ ദിവസം വട്ടോളിയില്‍ വച്ച്  രണ്ടു ബസുകള്‍ കൂടി അടിച്ചു തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്

ഒാര്‍ക്കാട്ടേരിയില്‍ ബസ് തടഞ്ഞിതിന്റെ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിചിരുന്നു.ആക്രമണം നടത്തിയവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിച്ചിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.വട്ടോളിയില്‍ ബസ് തകര്‍ത്ത സംഭവത്തില്‍ കുറ്റ്യാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്