ആനയാംകുന്നിലെ എച്ച് വണ്‍ എന്‍ വണ്‍ ബാധ നിയന്ത്രണവിധേയം; മെഡിക്കൽ ക്യാംപ് അവസാനിപ്പിക്കും

കോഴിക്കോട് മുക്കം ആനയാംകുന്നിലെ എച്ച് വണ്‍ എന്‍ വണ്‍ ബാധ നിയന്ത്രണവിധേയം. മുപ്പത്തിരണ്ടുപേരില്‍ക്കൂടി പനിബാധ കണ്ടെത്തിയെങ്കിലും ആര്‍ക്കും രോഗബാധയില്ലെന്നാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ അടുത്തദിവസം തന്നെ അവസാനിപ്പിക്കും.  

വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 22 പേരില്‍ രണ്ടുപേരൊഴികെ മറ്റുള്ളവര്‍ വീട്ടിലേക്ക് മടങ്ങി. നിരീക്ഷണത്തിലായിരുന്ന 356 പേരില്‍ ആര്‍ക്കും പനി കൂടിയിട്ടില്ല. എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ മരുന്ന് അറുപത്തി രണ്ടുപേര്‍ക്കാണ് ഇതുവരെ നല്‍കിയത്. രോഗബാധിതരായവരുെടയും ബന്ധുക്കളുടെയും അവസ്ഥ നേരിട്ടറിയുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാവര്‍ക്കര്‍മാരും ഭവനസന്ദര്‍ശനം നടത്തുന്നുണ്ട്. 

ആനയാംകുന്ന് സ്കൂളില്‍ തുടരുന്ന മെഡിക്കല്‍ ക്യാംപ് അടുത്തദിവസത്തോടെ അവസാനിപ്പിച്ചേക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാംപിലേക്ക് ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മണിപ്പാലിലെ ലാബിലേക്ക് അയച്ചിരുന്ന സാംപിളുകളില്‍ ഇതുവരെ രോഗബാധയില്ലെന്ന സ്ഥിരീകരണമാണ് ലഭിച്ചത്. മുക്കം പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച വരെ നല്‍കിയിട്ടുള്ള അവധി രണ്ട് ദിവസം കൂടി നീട്ടിയേക്കും.