പ്രതിഷേധം കനത്തു; നരഭോജികടുവയെ പിടിക്കാൻ വനംവകുപ്പിന്റെ കൂട്

വയനാട് ബത്തേരി പച്ചാടി മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയ നരഭോജികടുവയെ പിടികൂടാൻ വനംവകുപ്പ് കൂടുവെച്ചു. കടുയെ ഉടന്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെ രണ്ടാഴ്ച മുമ്പ് കടുവ കൊന്നുതിന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലായി.കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് കൂടുവെക്കാനുള്ള തീരുമാനം. 

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിനുകീഴിലുള്ള പെപ്പർയാഡ് വനഭാഗത്താണ് കൂട് സ്ഥാപിച്ചത്. നേരമിരുട്ടിയാൽ പ്രദേശവാസികൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 18 നീരീക്ഷണകാമറകള്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍ ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടോ എന്ന സംശയവുമുണ്ട്.