ആനയാംകുന്ന് ഹയർസെക്കന്ററി സ്കൂളിൽ പനി പടരുന്നു; 42 പേർ ചികിത്സയിൽ

കോഴിക്കോട്  കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പനി പടരുന്നു. 13 അധ്യാപകരും  42 കുട്ടികളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൂടുതല്‍ പരിശോധനക്കായി വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്തസാംപിള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികള്‍ കൂട്ടത്തോടെ അവധിയായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പനിയാണെന്ന വിവരം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ കുട്ടികള്‍ അവധിയായതോടെ, ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പനി, തലവേദന, തൊണ്ടവേദന തുടങ്ങിയ സമാന ലക്ഷണങ്ങളായിരുന്നു എല്ലാവര്‍ക്കും.ആരോഗ്യ വകുപ്പ് അധികൃര്‍ സ്ഥലത്തെത്തി ഭക്ഷണവും വെള്ളവും പരിശോധിച്ചെങ്കിലും പനിക്ക് കാരണമാകുന്നതൊന്നും കണ്ടെത്തിയില്ല

നിലവില്‍ 13 അധ്യാപകരും 42 കുട്ടികളും പനി കാരണം അവധിയിലാണ്.ജില്ലാ മെഡിക്കല്‍ ഒാഫിസറുടെ നിര്‍ദേശ പ്രകാരം കുട്ടികളുടേയും അധ്യാാപരുടേയും രക്ത സാംപിള്‍ പരിശോധനക്കായി മണിപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നും ഇന്നലെയുമായി പ്രത്യേക മെഡിക്കല്‍ ക്യാംപു സ്കൂളില്‍ നടക്കുന്നു.പനി പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഒാഫിസര്‍  വി.ജയശ്രീ പറഞ്ഞു.