വയനാട്ടിലെ കാപ്പിക്കൃഷിക്ക് വിളവെടുപ്പ് കാലം

വയനാട്ടില്‍ കാപ്പിക്കൃഷിയുടെ വിളവെടുപ്പ് കാലമായി. ഒരു കപ്പ് കാപ്പി കുടിക്കുന്നത് പോലെ ആസ്വാദ്യകരമല്ല കാപ്പിക്കര്‍ഷകന്റെ ഇപ്പോഴത്തെ അനുഭവങ്ങള്‍. കാലാവസ്ഥാവ്യതിയാനം,വിലക്കുറവ് എന്നതിനൊപ്പം കുരങ്ങമാരുണ്ടാക്കുന്ന കൃഷിനാശവും പ്രതിസന്ധിയാകുന്നു.  പഴുത്ത് കിടക്കുകയാണ് വയനാട്ടിലെ കാപ്പിത്തോട്ടങ്ങള്‍. വിളവെടുപ്പ് പലയിടത്തും തുടങ്ങി.

സംസ്ഥാനത്തെ എണ്‍പത് ശതമാനം കാപ്പിതോട്ടങ്ങളും വയനാട്ടിലാണ്. ഭൂരിഭാഗവും ഇടത്തരം കര്‍ഷകര്‍.ആദ്യം വിലക്കുറവായിരുന്നു. പിന്നെ കാലാവസ്ഥ വ്യതിയാനം, പാമ്പുകടിച്ചവനെ ഇടിവെട്ടിയത് പോലെ പ്രളയം വന്നു. അതിലും രൂക്ഷമാണ് വാനരപ്പടയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍.

കുരങ്ങന്‍മ്മാര്‍ നശിപ്പിച്ച മൂപ്പെത്തിയ കാപ്പിക്കുരുക്കളാണ് തോട്ടത്തില്‍ നിറയെ വീണുകിടക്കുന്നത്. കൂട്ടമായെത്തി കുരുക്കള്‍ ഭക്ഷിച്ച് മടങ്ങുകയാണ്. ഫംഗസ് ബാധകാരണം ഏക്കര്‍ കണക്കിന് തോട്ടങ്ങളിലെ കുരുക്കള്‍ കൊഴിഞ്ഞിരുന്നു. ഉണങ്ങിയ കാപ്പിപ്പരിപ്പിന് കിലോയ്ക്ക് ശരാശരി 110 നും 120 തിനും ഇടയ്ക്കാണ് വില.  ഉല്‍പാദനച്ചെലവ് പരിഗണിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇത് മതിയാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.