കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വൈദികരുടെ ഉപവാസസമരം

കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ വൈദീകരുടെ ഉപവാസസമരം. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ഇരുന്നൂറോളം വൈദീകര്‍ പങ്കെടുത്തു. 

നിവര്‍ന്നു നില്‍ക്കും നിലപാടുകളുമായി എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സമരം. കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുക, കടങ്ങള്‍ എഴുതി തള്ളുക, നാണ്യവിളകള്‍ക്ക് ന്യായമായ തറവില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമരം ഉദ്ഘാടനം ചെയ്തു. 

കര്‍ഷകരുടെ സമരത്തിന് കേരള കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ സമരത്തില്‍ പങ്കെടുത്ത ജോസ്.കെ.മാണി എം.പി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച അരക്ഷം കര്‍ഷകരെ അണിനിരത്തി റാലിയും, പൊതുസമ്മേളനവും സംഘടിപ്പിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാകും പ്രധാനമായും പങ്കെടുക്കുക.