കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാലക്കെതിരെ പ്രക്ഷോഭം; സമരം ഗൗനിക്കാതെ അധികൃതർ

പയ്യന്നൂര്‍, കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമരസമിതി. അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരുമാസം പൂര്‍ത്തിയായ ഘട്ടത്തിലാണ് തീരുമാനം. നെൽവയൽ തണ്ണീർതട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന് മുന്നിലാണ് ഇപ്പോള്‍ ധര്‍ണസമരം.

ഏഴിമല-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്ക് മധ്യേയുള്ള കണ്ടങ്കാളിയിൽ നൂറ് ഏക്കറിലധികം വരുന്ന നെല്‍വയലും, തണ്ണീര്‍ത്തടവും നികത്തിയാണ് എണ്ണ സംഭരണശാല സ്ഥാപിക്കാൻ അധികൃതർ നീക്കം നടത്തുന്നത്. പല കോണില്‍ നിന്നും പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് സമരവുമായി പ്രദേശവാസികള്‍ രഗത്തെത്തിയത്. കവ്വായി കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇത് കായലിന്റെ ആവാസ വ്യവസ്ഥ തകർക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ മൂന്ന് വർഷമായി തുടരുന്ന സമരത്തിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ അനിശ്ചിതകാല സത്യാഗ്രഹ സമരമായി നടക്കുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവരുടെ പിന്തുണ സമരത്തിന് ലഭിക്കുന്നുണ്ട്. പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കുന്നു.