നിരീക്ഷണക്യാമറ സ്ഥാപിക്കാൻ പ്രവാസി കൂട്ടായ്മ

കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷിതത്വത്തിനുമായി പൊലീസിന് നാട്ടുകാരുടെ പിന്തുണ. പാലക്കാട് തൃത്താല കുമരനല്ലൂരില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് പ്രവാസി കൂട്ടായ്മ സഹായിച്ചത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പന്ത്രണ്ടു ക്യാമറകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചു. 

പൊലീസ് ഉദ്യോഗസ്ഥരുടെ ജനകീയ ഇടപെടലുകള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നതിന്റെ തെളിവാണിത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയിലുളള കുമരനല്ലൂരില്‍ മാതൃകാപരമായൊന്നാണ് തൃത്താല െപാലീസ് നടപ്പാക്കിയത്. എല്ലായിടത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കപ്പൂർ പഞ്ചായത്തിലെ ചന്തപ്പടി , വെള്ളാളൂർ റോഡ്, മില്ല് സ്റ്റോപ്പ് , കുമരനല്ലൂർ ടൗണിലെ പ്രധാന ഭാഗങ്ങളെല്ലാം ഇനി 24 മണിക്കൂറും ക്യാമറ കണ്ണുകളിലായിരിക്കും. 

പ്രവാസി കൂട്ടായ്മയായ യുഎഇ കുമരനല്ലൂരിന്റെ നേതൃത്വത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് 12 നിരിക്ഷണ ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ ദിവസേന പൊലീസ് പരിശോധിക്കും. തൃത്താല സ്റ്റേഷന്‍ പരിധിയിലെ മറ്റിടങ്ങളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാനാണ് പൊലീസിന്റെ തീരുമാനം.