കൗമാര കലാമേള മൂന്നാം ദിനത്തിലേക്ക്; കണ്ണൂര്‍ നോര്‍ത്ത് മുന്നിൽ

കണ്ണൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മലബാറിന്റെ പ്രിയ്യപ്പെട്ട ഇനങ്ങളായ ഒപ്പനയും കോല്‍ക്കളിയുമായിരുന്നു രണ്ടാം ദിവസത്തെ സജീവമാക്കിയത്. കൗമാര കലാമേള മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയാണ് മുന്നില്‍.

കലക്ട്രേറ്റ് മൈതാനത്തെ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു മൊഞ്ചുള്ള മണവാട്ടിയും, തോഴിമാരും ഇശലിന്റെ ഈണത്തില്‍ ചുവടുവച്ചത്. 

സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറിയ കോല്‍ക്കളിയും, ദഫ്മുട്ടും കാഴ്ച്ചക്കാരുടെ പങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധേയമായി. കോല്‍ക്കളിയുടെ വിധിനിര്‍ണയത്തെ ചൊല്ലിയുള്ള നേരിയ തര്‍ക്കമുണ്ടായി. വിധികര്‍ത്താവിനെ തടഞ്ഞവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു.  മാപ്പിള കലകള്‍ക്കൊപ്പം തായമ്പകയും, ചെണ്ടമേളവും, സംസ്കൃത നാടകവുമെല്ലാം കലോത്സവ വേദികളെ സജീവമാക്കി. ആകെ പതിമൂന്ന് വേദികളാണുള്ളത്. പതിനേഴ് സബ് ജില്ലകളില്‍ നിന്നായി ഏഴായിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. കലോത്സവം ശനിയാഴ്ച സമാപിക്കും.