കോഴിക്കോട് പാർക്കിങ് പ്രശ്നം തീർക്കാൻ പൊലിസ്; പുതിയ സംവിധാനമൊരുക്കും

കോഴിക്കോട് നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാനുള്ള നടപടികളുമായി ട്രാഫിക്ക് പൊലിസ്. പേ പാര്‍ക്കിങ് നടത്തിപ്പുകാരുടെ  യോഗം വിളിക്കും. ബീച്ചിനു സമീപത്തെ തുറമുഖ വകുപ്പിന്റെ സ്ഥലം പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നു. 

കോഴിക്കോട് നഗരത്തില്‍ 45 പോയിന്റുകളിലാണ് ട്രാഫിക്ക് പൊലിസുകാരുടെ സേവനം നിലവിലുള്ളത്.  അവധി ദിവസങ്ങളില്‍ മിഠായിതെരുവിന് സമീപവും ബീച്ചിലുമാണ് കൂടുതല്‍ പാര്‍ക്കിങ് പ്രശ്നങ്ങള്‍ .ഇവിടങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കാനാണ് തീരുമാനം.ഇതിനായി റോഡ് സുരക്ഷാ കമ്മിറ്റിക്ക് കൃത്യമായ രൂപരേഖ ട്രാഫിക്ക് പൊലിസ് നല്‍കിയിട്ടുണ്ട്.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയില്‍ റോഡിനരികില്‍ കച്ചവടം നടത്തുന്നവരെ അവിടങ്ങളില്‍ നിന്ന് മാറ്റും. തുറമുഖ വകുപ്പിന്റെ കൈവശമുള്ള സ്ഥലം പാര്‍ക്കിങ്ങനായി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.അതേ സമയം തന്നെ പേ പാര്‍ക്കിങ്ങ് നടത്തുന്നവരുടെ യോഗം അടുത്ത ദിവസം വിളിക്കാനും ട്രാഫിക്ക് പൊലിസ് ആലോചിക്കുന്നുണ്ട്. നേരത്തെ വാഹനാപകടങ്ങളില്‍ മരണങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി  ബോധവല്‍ക്കരണം നടത്തും.പാര്‍ക്കിങ് പ്ലാസകളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യവും പൊലിസ് കോര്‍പറേഷനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്