ചിലവഴിക്കുന്നത് ലക്ഷങ്ങൾ; അറ്റകുറ്റപ്പണികൾ നടത്താതെ മമ്പാട് റഗുലേറ്റർ; ദുരിതം

ചാലിയാറിന് കുറുകെയുളള മമ്പാട് ഒാടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്താന്‍ കഴിയാതെ പോയത് കഴിഞ്ഞ പ്രളയകാലത്ത് നിലമ്പൂര്‍ അടക്കമുളള മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വെളളപ്പൊക്കത്തിന്റെ രൂക്ഷത കൂട്ടി. റഗുലേറ്ററിന്റെ പരിപാലനത്തിന്റെ പേരില്‍ ചിലവഴിക്കുന്ന ലക്ഷങ്ങള്‍ കൈക്കലാക്കുന്നവര്‍ ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ പോലും നടത്താറില്ല. 

മമ്പാട് ഒാടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് മീതേ നിന്നുളള കഴിഞ്ഞ പ്രളയകാലത്തെ കാഴ്ചയാണിത്. റഗുലേറ്ററില്‍ ആകെയുളള 12 ഷട്ടറുകളില്‍ മൂന്നെണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മലവെളളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളും മുളങ്കൂട്ടവുമെല്ലാം റഗുലേറ്ററില്‍ കുടുങ്ങിക്കിടക്കാന്‍ ഇത് കാരണമാക്കി. ചാലിയാറിലെ ഒഴുക്കു തന്നെ പാതിയായി കുറഞ്ഞതും മമ്പാടും മുതല്‍ മേല്‍ഭാഗങ്ങളിലെ വെളളപ്പൊക്കത്തിനുളള കാരണങ്ങളില്‍ ഒന്നായി.

റഗുലേറ്ററിന്റെ പരിപാലനത്തിന് ഏഴു ലക്ഷം രൂപയോളം പ്രതിവര്‍ഷം മാറ്റിവക്കുന്നുണ്ട്. പക്ഷെ ജോലികള്‍ യഥാസമയത്ത് നടത്താറില്ല. കഴിഞ്ഞ രണ്ടു പ്രളയകാലത്തും അത്യാവശ്യ ഘട്ടങ്ങളില്‍ പോലും റഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിയാതെ പോയത് ഭയാശങ്കയിലാക്കിയിരുന്നു. പാലത്തിന്റെ മീതെ അപകടകരമാംവിധം വെളളമൊഴുകിയതോടെ റഗുലേറ്ററിന്റെ ഇരുകരകളിലേയും അപ്രോച്ച് റോഡുകളും തകര്‍ന്നിട്ടുണ്ട്.