ബസ് സ്റ്റോപ്പുകളിലെ പരസ്യം പതിക്കൽ; കോർപറേഷന് വീണ്ടും മെല്ലെപ്പോക്ക് നയം

നിയമോപദേശം ലഭിച്ചിട്ടും കോഴിക്കോട് കോര്‍പറേഷന്റെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പരസ്യം പതിക്കാന്‍ പുതിയ കരാര്‍ നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപണം. കാലാവധി കഴിഞ്ഞിട്ടും കരാര്‍ കമ്പനി പരസ്യം സ്ഥാപിച്ച് പണം കൈപറ്റുന്നത് വിവാദമായിരുന്നു. എന്നാല്‍ നിയമോപദേശം ധനകാര്യസമിതിയുടെ മുന്‍പിലാണെന്നാണ് കോര്‍പറേഷന്‍ വിശദീകരണം.

അഞ്ചുവര്‍ഷം മുന്‍പ് കരാര്‍ കഴിഞ്ഞിട്ടും കരാര്‍ പുതുക്കാനോ പുതിയ ടെന്‍‍‍ഡര്‍ വിളിക്കാനോ കോര്‍പറേഷന്‍ തയ്യാറായില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പ്രതിപക്ഷം രണ്ടുവട്ടം ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. നിയമോപദേശം വേണമെന്ന കാരണത്താല്‍ നടപടി മേയര്‍ നീട്ടി കൊണ്ടുപോയി. എന്നാല്‍ നിയമോപദേശം ലഭിച്ച ശേഷവും കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ചര്‍ച്ചയായില്ല.

നിയമോപദേശം ധനകാര്യസമിതി പഠിച്ച ശേഷം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് ഡെപ്യൂട്ടി മേയറുടെ വിശദീകരണം. അതേസമയം കോര്‍പറേഷന്റെ അനാസ്ഥമൂലം ഉണ്ടായ അഞ്ചുവര്‍ഷത്തെ വരുമാന നഷ്ടം എങ്ങനെ നികത്തുമെന്ന് ആരും വ്യക്തമാക്കുന്നില്ല.