യാത്രാദുരിതം തീരുന്നു; പ്രതീക്ഷയോടെ അംബേദ്കർ കോളനിവാസികൾ

കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ജില്ലയിലെ കണ്ണവം പന്നിയോട് അംബേദ്കർ കോളനി വാസികൾ. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം കോളനി സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു.

ചിറ്റാരിപറമ്പ് പഞ്ചായത്ത് പരിധിയിൽ പെടുന്ന പന്നിയോട് അംബേദ്കർ കോളനിയിലെ നൂറിലധികം ആദിവാസി കുടുംബങ്ങളാണ് കാലങ്ങളായി യാത്ര ദുരിതം അനുഭവിക്കുന്നത്. ഇവിടെയുള്ള അമ്പതോളം കുട്ടികൾ സമീപത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. കോളനിയിലേക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വനത്തിലൂടെ  കിലോമീറ്ററുകളോളമാണ് കാൽനടയായി സഞ്ചരിക്കുന്നത്.  എളുപ്പത്തിൽ ഗതാഗത സൗകര്യമുള്ള സ്ഥലത്തെത്താൻ പറ്റുന്ന തൂക്കുപാലം അപകടാവസ്ഥയിലുമാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന പാലം നിർമ്മിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് കോളനിവാസികൾ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിക്കുന്നത്. കമ്മിഷന്റെ നിർദേശപ്രകാരമാണ് എഡിഎം ഇ.പി.മേഴ്സിയുടെ നേതൃത്വത്തിലുള്ള സംഘം  കോളനിയിലെത്തിയത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. അപകടാവസ്ഥയിലായ തൂക്ക് പാലവും പുതിയ പാലം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലവും  സംഘം സന്ദർശിച്ചു.