നടപ്പാത നിർമാണത്തിനെതിരെ ആരോപണം; പൂർത്തിയാക്കും മുമ്പ് തുക

നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പ് കരാറുകാരന് തുക അനുവദിച്ചെന്ന് പരാതി. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ നടപ്പാത നിര്‍മാണത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പൂര്‍ത്തിയാക്കിയ ജോലിക്ക് മാത്രമാണ് ബില്ല് കൈമാറിയതെന്നാണ് പഞ്ചായത്ത് അധിക‍ൃതരുടെ വിശദീകരണം.

പത്തൊന്‍പതാം വാര്‍ഡിലെ പെരവച്ചേരി കേളോത്ത് നടപ്പാതയാണ് വിവാദമായിരിക്കുന്നത്. പാടവരമ്പിന് പകരം നടപ്പാത നിര്‍മിക്കാനായിരുന്നു തീരുമാനം. നിര്‍മാണം നടക്കുന്നതിനിടയില്‍ ഭൂമി ഏറ്റെടുത്തുതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായി. ഇതോടെ നിര്‍മാണം മുടങ്ങി. മൂന്നുമാസം കഴിഞ്ഞിട്ടും നിര്‍മാണം പുനരാരംഭിക്കാന്‍ സാധിക്കാതെവന്നതോടെ കരാറുകാരന്‍ ബില്ല് കൈമാറി.

പൂര്‍ത്തിയാക്കിയ പാതയ്ക്ക് മാത്രമാണ് പണം നല്‍കിയതെന്ന് പഞ്ചായത്ത് പറയുന്നു. എന്നാല്‍ വിവരവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. തൊഴിലുറപ്പ് പോലുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തികരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.