ആദ്യം നഷ്ടപരിഹാരം, സേവനം പിന്നീട് മതി; കോക്ക കോളയ്ക്കെതിരെ നാട്ടുകാർ

പാലക്കാട് പ്ലാച്ചിമടയില്‍ അടച്ചുപൂട്ടിയ കോക്കകോള കമ്പനിയുടെ പുതിയ പദ്ധതികള്‍ക്കെതിരെ എതിര്‍പ്പ് രൂക്ഷം. നഷ്ടപരിഹാരം ലഭിക്കാതെ സാമൂഹികസേവന പദ്ധതികള്‍ അനുവദിക്കില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും വ്യക്തമാക്കി. ജലചൂഷണത്തെ തുടര്‍ന്ന് പതിനഞ്ചു വര്‍ഷം മുന്‍പാണ് കമ്പനിക്ക് പൂട്ടുവീണത്.

പ്ലാച്ചിമടയില്‍ മൂന്നുവര്‍ഷം കൊണ്ട് ആരോഗ്യവിദ്യാഭ്യാസ കാര്‍ഷിക പദ്ധതികളിലൂടെ കോടികള്‍ മുടക്കി സാമൂഹികസേവനമാണ് ലക്ഷ്യമിടുന്നതെന്നാണ് കോക്കകോള കമ്പനിയുടെ അവകാശവാദം. അനുമതി തേടി കമ്പനി സര്‍ക്കാരിന് നല്‍കിയ അപേക്ഷ തദ്ദേശമന്ത്രിയിലൂടെ ജില്ലാ പഞ്ചായത്തിന് ലഭിച്ചു. അനുമതി കൊടുക്കണോയെന്നതില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പെരുമാട്ടി,പട്ടഞ്ചേരി,നല്ലേപ്പിളളി, മുതലമട ഗ്രാമപഞ്ചായത്തുകളുടെയും അഭിപ്രായം തേടിയെങ്കിലും എതിര്‍പ്പ് രൂക്ഷമായിരുന്നു. നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്‍ പ്രകാരം 216 കോടി 26 ലക്ഷം രൂപ ലഭിക്കാതെ പുതിയതൊന്നും വേണ്ടെന്നാണ് സിപിഎം നിലപാട്.

‍‍അനുമതി നല്‍കില്ലെന്നാണ് ജനതാദള്‍ എസിന് ഭൂരിപക്ഷമുളള പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. സാമൂഹികസേവന പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി 34 ഏക്കര്‍ സ്ഥലത്തെ കെട്ടിടങ്ങളും മറ്റും അടുത്തിടെ കമ്പനി നവീകരിച്ചിരുന്നു.