മഴ പെയ്താൽ വെമ്പിടിയിലെ റോഡ് തോടാകും; ഓവുചാൽ നിർമ്മിക്കണമെന്ന് നാട്ടുകാർ

മഴ കനത്താല്‍ മട്ടന്നൂര്‍ വെമ്പടിയിലുള്ളവര്‍ക്ക് റോഡിലൂടെ നടക്കാന്‍ പറ്റില്ല. ഉറവകാരണം റോഡ് വെള്ളത്തില്‍ മുങ്ങും. ഓവുചാലില്ലാത്തതാണ് ദുരിതം ഇരട്ടിയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

മഴ തുടങ്ങിയാല്‍ വെമ്പടിയിലെ റോഡുകള്‍ വെള്ളം നിറഞ്ഞ് തോടുകള്‍ പോലെയാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് അവസ്ഥ. വെമ്പടിയില്‍ നിന്ന് ശിവപുരം, ചാവശേരി, പാലോട്ട്പള്ളി ഭാഗങ്ങളിലേക്കുള്ള കവലയില്‍ കുത്തൊഴുക്കാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ഉറവയാണ് കാരണം. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുന്ന ഗുഹയുണ്ട്. പക്ഷേ ഗുഹയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഉറവ. മാത്രമല്ല വെള്ളം കെട്ടി നില്‍ക്കാറുണ്ടായിരുന്ന സ്ഥലത്ത് കെട്ടിടങ്ങളും ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളത്തിന്‍റെ അളവ് കൂടിയിട്ടുണ്ട്. ഓവുചാല്‍ നിര്‍മിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഉറവയുള്ളതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ  സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.