ഓവുചാല്‍ നിര്‍മ്മാണം നിലച്ചു; വെള്ളക്കെട്ടിലകപ്പെട്ട് എ.ആര്‍ നഗര്‍ പഞ്ചായത്ത്

പഞ്ചായത്തിന്റെ ഓവുചാല്‍ നിര്‍മ്മാണം നിലച്ചതോടെ വെള്ളക്കെട്ടിലകപ്പെട്ട് മലപ്പുറം എ.ആര്‍ നഗര്‍ പഞ്ചായത്ത്. വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വീടുകള്‍ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.  

നീണ്ട പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവിലാണ് എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി ‌13 ലക്ഷം രൂപ ചിലവില്‍ ഓവുചാല്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് ആരംഭിച്ച നിര്‍മ്മാണം കഴിഞ്ഞമാസം പ്രതിസന്ധിയിലായി. ‌കെട്ടിനില്‍ക്കുന്ന വെള്ളം തൊട്ടടുത്തുള്ള പാടശേഖരങ്ങളിലേക്ക് ഒഴുക്കി വിടാനായിരുന്നു പദ്ധതി.എന്നാല്‍, പാടങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നവെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തിയതോടെയാണ് നിര്‍മ്മാണം നിലച്ചത്

മഴ കനത്തതോടെ വെള്ളം വീടുകളിലേക്കെത്തിത്തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.കനത്തമഴയില്‍ വെള്ളക്കെട്ട് കഴിഞ്ഞ പ്രളയത്തിലുണ്ടായതിനേക്കാള്‍ കൂടുതലായി. നാട്ടുകാര്‍ കടുത്ത ആരോഗ്യഭീതിയിലുമാണ്. 

കെട്ടിനില്‍ക്കുന്ന മഴവെളളം മലിനജലമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഓവുചാല്‍ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം