കോഴിക്കോട് ഉരുള്‍പൊട്ടലിന് സാധ്യത;പ്രത്യേക കരുതലുമായി ജില്ലാഭരണകൂടം

കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള ഇടങ്ങളില്‍ പ്രത്യേക കരുതലുമായി ജില്ലാഭരണകൂടം. ഇരുപത്തി നാല് മണിക്കൂറും നിരീക്ഷണത്തിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എണ്‍പത്തി നാലുപേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  

മാവൂര്‍, ചാത്തമംഗലം, പുതുപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാവിലുംപാറയിലും, താമരശേരി രാരോത്തും, വെള്ളന്നൂരിലും വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. മഴ തുടരുന്നതിനാല്‍ മണ്ണ് നീക്കം ചെയ്യാനാകാത്ത സാഹചര്യമുണ്ട്. 

പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂരാച്ചുണ്ട് പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലായുള്ളത്. ഈ മേഖലയില്‍ ഇരുപത്തി നാല് മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്തി. റവന്യൂ ഉദ്യോഗസ്ഥരെത്തി നാട്ടുകാരില്‍ നിന്ന് വിവരം ശേഖരിച്ചു. മുന്‍കരുതല്‍ നിര്‍ദേശവും നല്‍കി. കക്കയം ഡാമിലെ ജലനിരപ്പ് രണ്ട് ദിവസത്തിനിടെ എട്ട് അടി കൂടി രണ്ടായിരത്തി നാനൂറ്റി അറുപത്തി രണ്ടിലെത്തി. എണ്‍പത്തി നാലുപേരെയാണ് ഇതുവരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. പ്രധാന നദികളിലെല്ലാം ജലനിരപ്പുയര്‍ന്നിട്ടുണ്ട്. തീരമേഖലയിലും കടലാക്രമണം രൂക്ഷമാണ്.