ബാവുപ്പാറ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; മണ്ണിടിച്ചിലിന് സാധ്യതയെന്ന് റവന്യു വകുപ്പ്

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട് വടകരയിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. കനത്ത മഴയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ബാവുപ്പാറ ക്വാറിക്കെതിരെ കുറച്ചു നാളായി നാട്ടുകാര്‍ സമരം തുടങ്ങിയിട്ട്. സമീപവാസികള്‍ക്ക് ഭീഷണിയായ ക്വാറിയുടെ ലൈസന്‍സ് റദ്ധാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ക്വാറിയിലെ ചെളിയും മണ്ണുമെല്ലാം സമീപത്തെ വീടുകളിലെത്തിയത്. പരിഭ്രാന്തരായ കുടുംബങ്ങള്‍ ബന്ധുവീടുകളിലേയ്ക്ക് മാറി താമസിച്ചു. പരിശോധനയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പിന് ബോധ്യമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്. 

റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കൈമാറിയിട്ടുണ്ട്.