കാരശേരി ടാർ മിക്സിങ് സമരം; നാട്ടുകാർക്കെതിരെ പഞ്ചായത്ത്

കോഴിക്കോട് കാരശേരി ചുണ്ടത്തുംപൊയിലില്‍ ടാർ മിക്സിങ് യൂണിറ്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ പരിസ്ഥിതി മൗലികവാദികളെന്ന് പഞ്ചായത്ത് പ്രസിഡന്റ്. കര്‍മ്മസമിതിയുടെ നേത‍ൃത്വത്തില്‍ നാട്ടുകാര്‍ ഒറ്റകെട്ടായി സമരരംഗത്തിറങ്ങിയതോടെയാണ് പഞ്ചായത്ത് നിലപാട് കടുപ്പിച്ചത്. 

കര്‍മസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്കുള്ള മാര്‍ച്ച് ഉള്‍പ്പടെ ശക്തമായ സമരപരിപാടികള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പഞ്ചായത്ത് നേത‍ൃതവും സമരക്കാര്‍ക്കെതിരെ തിരിഞ്ഞത്.

നാട്ടുകാരും സമീപത്തെ സ്കൂള്‍ അധികൃതരും നല്‍കിയ പരാതികള്‍ പരിഗണിക്കാതെയാണ് ടാര്‍ മിക്സിങ് യൂണിറ്റിന് പഞ്ചായത്ത് അനുമതി നല്‍കിയത്.

മിക്സിങ് യൂണിറ്റിന്റെ അരകിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ലെന്നാണ് പഞ്ചായത്തിന്റെയും ഉടമയുടെയും വാദം.